തിരുവനന്തപുരം: കേരള പോലീസിനെതിരായ പരസ്യ പ്രസ്താവനയിൽ സിപിഐ ദേശീയ നേതാവ് ആനി രാജക്കെതിരെ രേഖാമൂലം പരാതി നൽകി. സംസ്ഥാന നേതൃത്വമാണ് ദേശീയ നേതൃത്വത്തിന് രേഖാമൂലം പരാതി സമർപ്പിച്ചത്. സംസ്ഥാന വിഷയങ്ങളിൽ കൂടിയാലോചന ഇല്ലാതെ പ്രതികരിക്കരുതെന്ന തീരുമാനത്തിന്റെ ലംഘനമാണ് ആനി രാജയുടെ നടപടിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ഈ മാസം 9ആം തീയതി ചേരുന്ന സംസ്ഥാന നിർവാഹക സമിതിയും വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ആനി രാജയുടെ പ്രസ്താവന അനവസരത്തിൽ ഉള്ളതാണെന്നും, ഇതിലൂടെ സർക്കാറിനെ പ്രതിരോധത്തിലാക്കിയെന്നും പരാതിയിൽ സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. കേരള പോലീസിനെതിരെ ആരോപണം ഉന്നയിച്ച് ഇന്നലെയാണ് ദേശീയ നേതാവ് ആനി രാജ രംഗത്തെത്തിയത്.
സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ കേരള പോലീസിൽ നിന്നും ബോധപൂർവമായ ഇടപെടൽ ഉണ്ടാകുന്നുവെന്നാണ് ആനി രാജ ആരോപണം ഉന്നയിച്ചത്. കൂടാതെ ഗാർഹിക പീഡനങ്ങൾക്കെതിരെ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും, കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പോലീസിനിടയില്‍ ആര്‍എസ്എസ് ഗ്യാങ് നിലവിലുണ്ടെന്ന് സംശയിക്കുന്നതായും ആനി രാജ പ്രസ്താവനയിൽ കൂട്ടിച്ചേർത്തിരുന്നു.
Read also: രണ്ടര വയസുകാരിയുടെ ജീവന് രക്ഷിച്ച നഴ്സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി









































