പട്ടാമ്പി: സിനിമാ പ്രവർത്തകനായ കണ്ണൻ പട്ടാമ്പിക്കെതിരെ നൽകിയ പീഡന പരാതിയിൽ അറസ്‌റ്റ് വൈകുന്നതിനെതിരെ പട്ടാമ്പിയിലെ യുവ ഡോക്‌ടർ രംഗത്ത്. ഡോക്‌ടറുടെ പരാതിയിൽ പട്ടാമ്പി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്‌റ്റ് ഉണ്ടായില്ല. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ഡോക്‌ടർ.
2019 നവംബറിലാണ് കേസിന് ആസ്‍പദമായ സംഭവം. പട്ടാമ്പിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്‌ടറുടെ അടുത്ത് ചികിൽസക്ക് എത്തിയതാണ് കണ്ണൻ പട്ടാമ്പി. ഡോക്‌ടറുടെ റൂമിലെത്തിയ ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും എതിർത്തപ്പോൾ ഡോക്‌ടറെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു. പിന്നീട് സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്‌തെന്നും ഡോക്‌ടറുടെ പരാതിയിൽ പറയുന്നു.
സ്‌ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് കണ്ണൻ പട്ടാമ്പിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്ത് ആഴ്‌ചകളായെങ്കിലും ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ, ഇത് വിശ്വസനീയമല്ലെന്ന് ഡോക്‌ടർ പറയുന്നു. അറസ്‌റ്റ് വൈകുന്നതിനെതിരെ ഡോക്‌ടർ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
Also Read: ചരക്ക് വാഹന നികുതി; സംസ്‌ഥാനത്ത് കാലാവധി നീട്ടി നൽകിയതായി ഗതാഗത മന്ത്രി