ബത്തേരി: ആഭ്യന്തര വകുപ്പിലെ റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലെ സീനിയർ ക്ളർക്കായിരുന്ന കെ ഉദയഭാനു, കൊച്ചി സിറ്റി കമ്മീഷണർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ പേരിൽ ചീരാൽ സ്വദേശിയാണ് പരാതിയുമായി രംഗത്ത് വന്നത്. പലിശരഹിത വായ്‌പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് ഉദ്യോഗസ്‌ഥർ തട്ടിപ്പ് നടത്തിയിരുന്നത്.
വായ്‌പ തരപ്പെടുത്തി നൽകാൻ, വായ്‌പാ തുകയുടെ പത്ത് ശതമാനം മുൻകൂറായി വാങ്ങിയായിരുന്നു ഇവരുടെ തട്ടിപ്പ്. ചീരാൽ സ്വദേശിക്ക് പുറമെ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും കണ്ണൂർ ഉൾപ്പടെയുള്ള മറ്റു ജില്ലകളിൽ ഉള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ നിന്നായി ലക്ഷങ്ങളാണ് സംഘം കൈപ്പറ്റിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ ഉദയഭാനുവിന് അഭിഭാഷകർ മുഖേന ചീരാൽ സ്വദേശി നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
തുടർന്നാണ് തട്ടിപ്പ് പുറത്തായത്. പിന്നീട് ചീരാൽ സ്വദേശി പോലീസിനെ സമീപിക്കുകയായിരുന്നു. ചീരാൽ സ്വദേശിയിൽ നിന്ന് മാത്രം അഞ്ച് ലക്ഷത്തോളം തുകയാണ് ഇവർ കൈക്കലാക്കിയത്. ജില്ലയിലെ പോലീസ് സേനക്കുള്ളിൽ മണിചെയിൻ മാതൃകയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിവിൽ പോലീസ് ഓഫിസറും ഈ വായ്‌പാ തട്ടിപ്പിൽ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Most Read: ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മോദി