മലപ്പുറം: എംഎസ്‌എഫ് ഹരിത നേതാക്കളുടെ പരാതിയിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വനിതാ നേതാക്കളുടെ പരാതിയെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ ലീഗ് നേതൃത്വം ചർച്ച നടത്തിയതിന് ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിച്ചാൽ എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസിന് എതിരെ നടപടി എടുക്കാമെന്ന് മുസ്‌ലിം ലീഗ് ഹരിത നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നേരത്തെ തന്നെ നവാസിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ എന്തെങ്കിലും നടപടിയുണ്ടായ ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ ആലോചിക്കുകയുള്ളൂ എന്നുമായിരുന്നു ഹരിത നേതാക്കളുടെ മറുപടി.
എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്‌ദുൾ വഹാബ് തുടങ്ങിയവർക്ക് എതിരെയാണ് ഹരിത സംസ്‌ഥാന നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. സ്‌ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്‌തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. എംഎസ്‌എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായി മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും വനിതാ നേതാക്കൾ പരാതിയിൽ പറയുന്നു.
Also Read: കൊടകര കുഴൽപ്പണ കേസിലെ പ്രതികൾക്ക് ജാമ്യം; തൃശൂരിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം