കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ്, ബാബു, അബ്‌ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് ഉള്‍പ്പടെ ഉപാധികളോടെയാണ് ജാമ്യം. തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകരയില്‍ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചെന്ന കേസിലാണ് നടപടി.
കേസില്‍ നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 625 പേജുള്ള കുറ്റപത്രത്തില്‍ 22 പ്രതികളും, 219 സാക്ഷികളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകന്‍ ഹരികൃഷ്‌ണനും അടക്കമുള്ള 19 ബിജെപി നേതാക്കളെയാണ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്‌തമാക്കിയത്.
കേസില്‍ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി നേരത്തെ പ്രതികളുടെ ജാമ്യഹരജി തള്ളിയിരുന്നു. ചില പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം, ലക്ഷ്യം എന്നിവ കണ്ടെത്തണമെന്നുമായിരുന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും കേസില്‍ ദുരൂഹതയുണ്ടെന്ന നിരീക്ഷണവും കോടതി നേരത്തെ ഉയര്‍ത്തിയിരുന്നു.
Also Read: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍