ന്യൂഡെൽഹി: സംഘർഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും, ഇസ്രയേലിലേക്കുമുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യൻ പൗരൻമാർ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച യാത്രാ നിർദ്ദേശം. നിലവിൽ ഇരുരാജ്യങ്ങളിലും കഴിയുന്നവർ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. കൂടുതൽ യാത്ര ചെയ്യാതെ സുരക്ഷിതരായിരിക്കാൻ ശ്രമിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ നിർദ്ദേശം നൽകി.
സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പടെ ഏഴ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങൾക്കും നേരെ തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടാതെ, എന്ത് വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും, ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ, ഇറാഖ്, ജോർദാൻ, ഒമാൻ, ഖത്തർ, സൗദി, യുഎഇ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചിരുന്നു.
സിറിയയിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ മുൻപും ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും എംബസിക്ക് നേരെ ആക്രമണം നടത്തിയത് ഇതാദ്യമായായിരുന്നു. അതേസമയം, ഇറാനിൽ നിന്നുള്ള ആക്രമണം പ്രതീക്ഷിച്ചു ഇസ്രയേൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്.
Most Read| കേരളം പിരിച്ചെടുത്തു 34 കൊടി രൂപ; അബ്ദുൽ റഹീമിന് മോചനത്തിന് വഴിയൊരുങ്ങി








































