കേരളം പിരിച്ചെടുത്തു 34 കൊടി രൂപ; അബ്‌ദുൽ റഹീമിന് മോചനത്തിന് വഴിയൊരുങ്ങി

15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ 42-കാരനായ അബ്‌ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം.

By Trainee Reporter, Malabar News
Abdul Rahim
Abdul Rahim
Ajwa Travels

കോഴിക്കോട്: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. 34 കൊടിയെന്ന വലിയ ലക്ഷ്യം ദിവസങ്ങൾ കൊണ്ട് നേടിയിരിക്കുകയാണ് കേരളം. പ്രവാസികളും നാട്ടുകാരും ഒപ്പം കേരളക്കര ഒന്നാകെ ഇനി അബ്‌ദുൽ റഹീമിന്റെ തിരിച്ചുവരവിനായി കാത്തിരിക്കും.

മരണത്തിന്റെ തൊട്ടരികിൽ നിന്ന് അബ്‌ദുൽ റഹീമിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളക്കരയൊന്നാകെ. ഈ മാസം 16ന് മുൻപ് മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് 34 കോടി രൂപ ബ്ളഡ് മണിയായി നൽകിയാൽ മാത്രമേ അബ്‌ദുൽ റഹീമിനെ മോചിപ്പിക്കാനാകൂ, അല്ലാത്തപക്ഷം വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു സൗദി അറിയിച്ചിരുന്നത്.

അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് മോചനദ്രവ്യം സ്വരൂപിക്കുന്നത്. നാലുദിവസം മുൻപ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സമിതിക്ക് ലഭിച്ചത്. എന്നാൽ, സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ വാർത്ത വന്നതോടെ മലയാളികളടക്കം നിരവധി മനുഷ്യസ്‌നേഹികൾ സഹായഹസ്‌തവുമായി രംഗത്തെത്തി.

25 കോടിയോളം രൂപയാണ് വെറും നാലുദിവസം കൊണ്ട് സമാഹരിച്ചത്. അബ്‌ദുൽ റഹീമിന്റെ മോചനത്തിനുള്ള തുക സമാഹരിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തി. ഇതിൽ നിന്ന് ലഭിച്ച തുകയും ജനകീയ സമിതിക്ക് കൈമാറി. പ്രവാസികളും വലിയതോതിൽ സഹായവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, 30 കോടി പിന്നിട്ടതോടെ സേവ് അബ്‌ദുൽ റഹീം ആപ്പിന്റെ പ്രവർത്തനം താൽക്കലികമായി നിർത്തിവെച്ചിരുന്നു. റഹീമിന്റെ ജീവൻ രക്ഷിക്കാനായി സ്വദേശമായ കോടമ്പുഴയിൽ രൂപം നൽകിയ സന്നദ്ധ കൂട്ടായ്‌മയാണ്‌ ധനസമാഹരണം ഏകോപിപ്പിക്കുന്നത്. ഇതിനായി ‘സേവ് അബ്‌ദുൽ റഹീം’ എന്ന പേരിൽ ആപ്പും ആരംഭിച്ചിരുന്നു.

 

ബാങ്ക് അക്കൗണ്ടുകൾ, യുപിഐ ഉൾപ്പടെയുള്ള മാർഗങ്ങൾക്ക് പുറമെ ക്രൗഡ് ഫണ്ടിങ് കൂടുതൽ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചത്. ഫണ്ട് കളക്ഷൻ 30 കോടി പിന്നിട്ടതോടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഓഡിറ്റിങ്ങിന് വേണ്ടി ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുക ആണെന്നാണ് ആപ്പിൽ അറിയിച്ചിരിക്കുന്നത്.

15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ 42-കാരനായ അബ്‌ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്‌ദുൽ റഹീം റിയാദിലെത്തി 28ആംമത്തെ ദിവസമായിരുന്നു സംഭവം. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്.

ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്‌ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ട്രാഫിക് സിഗ്‌നൽ ലംഘിച്ചുപോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി അനസ് വഴക്കിട്ടു.

പിൻസീറ്റിലിരുന്ന അനസിനെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്‌ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്‌ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം ശബ്‌ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്.

ഇതോടെ ഭയന്നുപോയ അബ്‌ദുൽ റഹീം സൗദിയിൽ തന്നെ ജോലി ചെയ്‌തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ഇരുവരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിൻ അബ്‌ദുൽ റഹീമിന് വധശിക്ഷയും നസീറിന് പത്ത് വർഷം തടവും കോടതി വിധിച്ചു.

abdul raheem
അബ്‌ദുൽ റഹീം

ഏറെക്കാലത്തെ അപേക്ഷയ്‌ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34) കോടി രൂപ ബ്ളഡ് മണിയായി നൽകിയാൽ അബ്‌ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം സമ്മതിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രക്ഷാധികാരികളായി എപി അബ്‌ദുൽ റഹീം ലീഗൽ അസി. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള തുക സമാഹരിച്ചത്.

75-കാരിയായ ഫാത്തിമയാണ് അബ്‌ദുൽ റഹീമിന്റെ മാതാവ്. കഴിഞ്ഞ 18 വർഷമായി ഈ അമ്മ മകനെയോർത്ത്, മകൻ വരുമെന്ന് പ്രതീക്ഷിച്ച് കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു. ഇനി മരണത്തിന് തൊട്ടരികിൽ നിന്ന് അബ്‌ദുൽ റഹീം ഉമ്മയ്‌ക്കരികിലേക്ക് ഓടിയെത്തും. ഇതോടെ ഇവരുടെ തോരാക്കണ്ണീർ പതിയെ പുഞ്ചിരിയിലേക്ക് വഴിമാറും.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE