പ്രളയത്തിൽ മുങ്ങി ഗൾഫ് രാജ്യങ്ങൾ; കോടികളുടെ നഷ്‌ടം

ഒരു വർഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്‌ച മാത്രം യുഎഇയിൽ പെയ്‌തിറങ്ങിയത്. 24 മണിക്കൂറിൽ 254 മില്ലീമീറ്റർ മഴ. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ. 200 മില്ലീമീറ്ററാണ് ഒരുവർഷം സാധാരണ ലഭിക്കാറുള്ള മഴയുടെ അളവ്.

By Trainee Reporter, Malabar News
floods caused by heavy rains in Dubai
Dubai (PIC: REUTERS)
Ajwa Travels

ദുബായ്: പ്രളയമുഖത്ത് ഗൾഫ് രാജ്യങ്ങൾ. യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുകയാണ്. ഒരു സ്വദേശിക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ഇതിൽ പത്ത് പേർ സ്‌കൂൾ കുട്ടികളാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.

ഒരു വർഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്‌ച മാത്രം യുഎഇയിൽ പെയ്‌തിറങ്ങിയത്. 24 മണിക്കൂറിൽ 254 മില്ലീമീറ്റർ മഴ. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ. 200 മില്ലീമീറ്ററാണ് ഒരുവർഷം സാധാരണ ലഭിക്കാറുള്ള മഴയുടെ അളവ്. പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളം കയറി നശിച്ചു. റോഡുകളിലെ വെള്ളക്കെട്ട് മാറാത്തതിനാൽ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്‌കൂളുകൾ ഓൺലൈൻ ക്ളാസിലേക്ക് മാറി.

എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസുകളും പൂർണമായി നിർത്തിവെച്ചു. മലയാളികളുടെ ഉടമസ്‌ഥതയിലുള്ള ചില ഫാമുകൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് വളർത്ത് മൃഗങ്ങൾക്ക് ജീവൻ നഷ്‌ടപ്പെട്ടു. ചൊവ്വാഴ്‌ച മുതൽ നിർത്തിവെച്ച വിമാന സർവീസുകൾ ഇന്നലെ ഉച്ച മുതലാണ് ഭാഗികമായി പുനരാരംഭിച്ചത്.

മഴവെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഗൾഫ് രാജ്യങ്ങളിൽ കുറവാണ്. സമുദ്രനിരപ്പിനോട് ചേർന്ന് കിടക്കുന്നതിനാൽ വലിയ ആഴത്തിൽ വെള്ളം ഒഴുക്കിവിടാൻ സാധിക്കില്ല. ഇത്തവണ മരുഭൂമിയിലെ ഉയർന്ന പ്രദേശങ്ങൾ പോലും വെള്ളത്തിലായത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. അടുത്ത അഞ്ചു ദിവസത്തേക്ക് മഴക്ക് സാധ്യത ഇല്ലെന്നാണ് പ്രവചനം. ഇന്ന് മുതൽ താപനില വർധിക്കും.

കേരളത്തിൽ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നൽകണമെന്ന് യാത്രക്കാരിൽ ചിലർ ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കി. റദ്ദാക്കിയ സർവീസുകളുടെ എണ്ണം: തിരുവനന്തപുരം വിമാനത്താവളം: 4, കൊച്ചി-12, കോഴിക്കോട്- 7, കണ്ണൂർ-8.

Most Read| ലോഗോയിൽ നിറം മാറ്റം വരുത്തി ഡിഡി ന്യൂസ്; കാവിനിറത്തിൽ പുതിയ ഡിസൈൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE