കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് കോൺഗ്രസ്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
ഇന്ന് നടന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഘർഷം. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. പറയഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.
പൊതുതിരഞ്ഞെടുപ്പിന് സമാനമായ വാശിയോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോൺഗ്രസ് വിമതരും തമ്മിലാണ് മൽസരം. ദീർഘകാലമായി കോൺഗ്രസിന്റെ കൈവശമുള്ള ബാങ്കിന്റെ ഭരണസമിതിയും പാർട്ടി നേതൃത്വവും തമ്മിൽ ഏറെ നാളായി സംഘർഷത്തിലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംകെ രാഘവനെതിരെ ഭരണസമിതി നിലപാടെടുത്തതോടെ കോൺഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്ന് ഇവരെ പുറത്താക്കി. തുടർന്ന് സിപിഎം പിന്തുണയോടെ ഔദ്യോഗിക പക്ഷത്തിനെതിരെ വിമതപക്ഷം മൽസരിക്കുകയായിരുന്നു.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി