ന്യൂഡെൽഹി: ബുൾഡോസർ രാജ് നടപടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സുപ്രീം കോടതി. ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത് കൊണ്ട് ആ വ്യക്‌തിയുടെയും ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചു നിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്‌ടി പ്രയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
വിവിധ സംസ്‌ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്‌ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്ന ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.
സർക്കാരിനും ബന്ധപ്പെട്ട അതോറിറ്റിക്കും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിന് മുൻപ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിക്കാനാകില്ലെന്നും ജഡ്‌ജിമാരായ ബിആർ ഗവായി, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. കുറ്റാരോപിതർ മാത്രമായവരെ കുറ്റക്കാരായി വിധിയെഴുതുന്നതും കോടതികളുടെ ചുമതല സർക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ഏറ്റെടുക്കുന്നതും അനുവദിക്കില്ല.
നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്‌തുവകകളോ ഇടിച്ചു നിരത്തിയാൽ നഷ്‌ടപരിഹാരത്തിന് കുടുംബത്തിന് അർഹതയുണ്ടായിരിക്കുമെന്നും നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നിയമനടപടി ഉണ്ടാവുമെന്നും കോടതി വ്യക്‌തമാക്കി. വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണ്. അത് ഹനിക്കാൻ കഴിയില്ല. മറ്റു അനധികൃത നിർമാണങ്ങൾ തൊട്ടടുത്ത് ഉണ്ടെങ്കിലും തിരഞ്ഞുപിടിച്ച് വീടുകൾ പൊളിക്കുന്ന രീതി സർക്കാരുകൾക്ക് ഉണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
കേസുകളിലെ സത്യാവസ്‌ഥ സംബന്ധിച്ച വിധി കൽപ്പിക്കേണ്ടത് കോടതികളാണെന്നും അവരുടെ ജോലി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും വ്യക്‌തമാക്കിയ ബെഞ്ച്, ബുൾഡോസർ നടപടികളുടെ കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിച്ചു. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ ശമ്പളത്തിൽ നിന്ന് പിഴ ഈടാക്കുമെന്നും ബെഞ്ച് വ്യക്‌തമാക്കി.
ബുൾഡോസർ രാജ് വിഷയത്തിൽ കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോടതിയുടെ അനുവാദമില്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്‌തുക്കളും പൊളിക്കാൻ പാടില്ല. ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത് കൊണ്ട് ആ വ്യക്‌തിയുടെയും ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചു നിരത്തുന്നത് നിയമത്തെ ഇടിച്ചു നിരത്തുന്നത് തുല്യമാണെന്നാണ് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’