തിരുവനന്തപുരം: മുൻ എഐസിസി അംഗവും പിഎസ്സി അംഗവുമായ സിമി റോസ് ബെൽ ജോണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ നേതാക്കളെയും വനിതാ നേതാക്കളെയും അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോൺഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുകയും അവർക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി ആക്ഷേപം ഉന്നയിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലെയും കെപിസിസി ഭാരവാഹികളിലെയും വനിതാ നേതാക്കളും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളർ സിമിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സിമിയുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്നും കെപിസിസി അറിയിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള നേതാക്കൾക്കെതിരെയും സിമി ആരോപണം ഉന്നയിച്ചിരുന്നു. കെപിസിസി പ്രസിഡണ്ട് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് സിമി കഴിഞ്ഞ ദിവസം ഉന്നയിച്ചത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ ഗുഡ് ബുക്കിൽ ഇടംപിടിക്കാത്ത വനിതാ പ്രവർത്തകരെ പരിഹസിച്ച് മാറ്റിനിർത്തുകയാണെന്നും സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സിമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നടപടി സ്വീകരിച്ചത്.
Most Read| ‘കാരവനുകളിൽ ഒളിക്യാമറ, നഗ്നത പകർത്തൽ’; കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ








































