കണ്ണൂർ: കണ്ണൂരിലെ മൂന്ന് പഞ്ചായത്തുകളിലെ ഇടതുപക്ഷ സ്‌ഥാനാർഥികൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്‌തവരാണ് ഇവിടെ സ്‌ഥാനാർഥികളെന്ന് സുധാകരൻ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും സുധാകരൻ വ്യക്‌തമാക്കി.
“കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്‌തവർ എല്ലാം ഇന്ന് സ്‌ഥാനാർഥികളാണ്. ഒരു വോട്ടല്ല, മൂന്ന് വോട്ടുകൾ വരെ ചെയ്‌ത ആളുകളാണ് ഇപ്പോൾ സ്‌ഥാനാർഥികളായി മൽസരിക്കുന്നത്”, അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവരുടെ കൈകളിലേക്ക് പഞ്ചായത്ത് ഭരണം പോയാലുള്ള അവസ്‌ഥ എന്തായിരിക്കുമെന്നും സുധാകരൻ ചോദിച്ചു.
കള്ളവോട്ടും അക്രമവും കാണിക്കാതെ കണ്ണൂരിൽ ഇടതുപക്ഷത്തിന് ജയിക്കാനാവില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എങ്കിലും കള്ളവോട്ടും അക്രമവും നിർത്തിവെക്കാൻ മുഖ്യമന്ത്രി അണികളോട് ആഹ്വാനം ചെയ്യണം. അല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ കള്ളവോട്ടിനെ നേരിടാൻ എല്ലാ പാർട്ടിക്കാരെയും ഉൾപ്പെടുത്തി ജനകീയ കർമസേന രൂപവൽക്കരിക്കും.
ജനങ്ങളിൽ ഭീതി ഉളവാക്കി വരുതിക്ക് നിർത്തിക്കൊണ്ടാണ് സിപിഎം കണ്ണൂരിലെ ഭൂരിഭാഗം തിരഞ്ഞെടുപ്പുകളെയും നേരിടുന്നെതെന്ന് സുധാകരൻ ആരോപിച്ചു. അക്രമം ഉണ്ടാക്കാതെയും കള്ളവോട്ട് ചെയ്യാതെയും തിരഞ്ഞെടുപ്പിനെ നേരിടാൻ തന്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി പ്രവർത്തകരോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.
“കള്ളവോട്ട് കാരണം ഇന്ന് വരെയും സ്വന്തമായി വോട്ട് ചെയ്യാൻ കഴിയാത്തവരുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും പരിതാപകരമായ അവസ്‌ഥയാണ് അത്”, സുധാകരൻ പറഞ്ഞു. ഭയാനകമായ ഒരു രാഷ്‌ട്രീയ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിലല്ലാതെ വേറെ എവിടെയെങ്കിലും ഇങ്ങനെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും അപമാനത്തിന്റെ നീർച്ചുഴിയിലാണ് കണ്ണൂരിന്റെ ജനാധിപത്യമെന്നും സുധാകരൻ പറഞ്ഞു.
Read also: സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ







































