കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ വ്യക്‌തമായ ആധിപത്യം ഉറപ്പിച്ചെങ്കിലും, തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ പരാമർശങ്ങൾ പാർട്ടിക്ക് തലവേദനയാകും. മുരളീധരന്റെ മുറിവുണക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നും, തൽക്കാലം പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും പറഞ്ഞ മുരളീധരൻ, വരും ദിവസങ്ങളിൽ നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കാനും സാധ്യതയുണ്ട്. ഇതിന് മറുമരുന്ന് എത്രയും വേഗം കണ്ടെത്തിയില്ലെങ്കിൽ പാർട്ടിയുടെ വിജയശോഭ പാടെ തകരും.
ഈ സാഹചര്യത്തിൽ എത്രയും വേഗം മുരളീധരനെ നേരിട്ട് കണ്ട് വിഷയം തണുപ്പിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. മുരളീധരന്റെ മുനവെച്ച ആരോപണങ്ങളോട് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കരുതലോടെ മതി പ്രതികരണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വോട്ടെണ്ണൽ കഴിഞ്ഞ് മുരളീധരനെ കാണാൻ മണ്ണൂത്തിയിലെത്തിയ ജില്ലാ നേതാക്കളോടും അതിരൂക്ഷമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേതൃത്വം പറഞ്ഞിട്ട് മണ്ഡലം മാറി മൽസരിക്കുകയും തോൽക്കുകയും ചെയ്‌ത സാഹചര്യത്തിൽ വിവിധ പദവികളും അദ്ദേഹത്തിന് നൽകാനുള്ള സാധ്യതയുണ്ട്. മുരളീധരന് അർഹമായ പദവി നൽകുക മാത്രമാണ് പോംവഴിയെന്നാണ് നേതാക്കൾ പറയുന്നത്. യുഡിഎഫ് കൺവീനർ പദവി, കെപിസിസി അധ്യക്ഷ സ്‌ഥാനം, വയനാട് ലോക്‌സഭാ സീറ്റ് എന്നീ മൂന്ന് ഓഫറുകളാണ് മുരളീധരന് മുന്നിൽ പ്രധാനമായും നേതൃത്വം വെക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ കൺവീനറായിരുന്നു കെ മുരളീധരൻ. തൃശൂരിൽ മൽസരിക്കുന്ന സാഹചര്യത്തിൽ ഈ പദവി ദേശീയ നേതൃത്വം രമേശ് ചെന്നിത്തലക്ക് നൽകി. എംഎം ഹസനെ മാറ്റി മുരളീധരനെ യുഡിഎഫ് കൺവീനർ പദവിയിലേക്ക് എത്തിച്ചാൽ മുന്നണിക്ക് അത് ഗുണം ചെയ്യുമെന്ന് വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നുണ്ട്.
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം ആരോഗ്യസ്‌ഥിതി കൂടി പരിഗണിച്ച് കെ സുധാകരനെ മാറ്റി മുരളീധരനെ അധ്യക്ഷനാക്കാനുള്ള സാധ്യതയുണ്ടെങ്കിലും അതിനുള്ള നീക്കം ഉണ്ടാകുമോയെന്ന സംശയമാണ്. ഇത്രയും വലിയ വിജയം നേടി പാർട്ടി തിളങ്ങി നിൽക്കുമ്പോൾ സുധാകരനെ മാറ്റുന്നത് വിഭാഗീയതയ്‌ക്ക് വഴിയൊരുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ വിജയിച്ചതിനാൽ വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന സ്‌ഥിതിവിശേഷവും ഉണ്ട്. ഈ സീറ്റ് മുരളീധരന് നൽകിയാലോ എന്നുള്ള ആലോചനയും പാർട്ടിയിലുണ്ട്.
ഇനിയൊരു തിരഞ്ഞെടുപ്പ് മൽസരത്തിന് ഇല്ലെന്നും കുരുതി കൊടുക്കാൻ താൻ നിന്ന് കൊടുക്കാൻ പാടില്ലായിരുന്നുവെന്നുമാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരൻ പ്രതികരിച്ചത്. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. സുരേഷ് ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി വന്നു. വിഎസ് സുനിൽ കുമാറിന് വേണ്ടി മുഖ്യമന്ത്രി വന്നു. എനിക്ക് വേണ്ടി ഡികെ ശിവകുമാർ മാത്രമാണ് വന്നത്. എന്നാൽ, അദ്ദേഹത്തെ പ്രചാരണത്തിൽ ശരിക്കും ഉപയോഗിക്കാനായില്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം എന്നാണല്ലോ, അതിനാൽ ഇനി മൽസരിക്കില്ല- മുരളീധരൻ പറഞ്ഞു.
Most Read| മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം; ആദ്യ വനിതാ പ്രസിഡണ്ട്