തിരുവനന്തപുരം: കോൺഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരെ ഉൾപ്പടെ തീരുമാനിക്കുന്നത് പ്രാദേശിക തലത്തിലെന്ന് റിപ്പോർട്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം ഡിസിസികൾക്ക് ഉടൻ നൽകും. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും.
മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ ചെയർമാൻ എന്നിവരെ ഡിസിസി തലത്തിലുള്ള കോർകമ്മിറ്റി തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിന് രൂപീകരിച്ച കമ്മിറ്റികൾക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തം. ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരെ തീരുമാനിക്കുന്നത് മണ്ഡലാടിസ്ഥാനത്തിലുള്ള കോർ കമ്മിറ്റികളായിരിക്കും.
ഡിസിസിതല കോർകമ്മിറ്റിയിൽ കെപിസിസിയിൽ നിന്നും മണ്ഡലാടിസ്ഥാനത്തിലുള്ള കമ്മിറ്റിയിൽ ഡിസിസിയിൽ നിന്നും നിരീക്ഷണമുണ്ടാകും. അതത് തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത അംഗങ്ങളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനം.
കഴിവതും മുഴുവൻ കാലാവധിയിലേക്കും ഒരാൾ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുംവിധമുള്ള ധാരണയുണ്ടാക്കും. നിശ്ചിത കാലത്തിനുശേഷം അധികാരം പങ്കിടേണ്ടി വന്നാൽ വ്യക്തമായ ധാരണ എഴുതിയുണ്ടാക്കും. തർക്കം തീരാതെ വന്നാലേ കെപിസിസി തലത്തിലുള്ള ഇടപെടൽ ഉണ്ടാകൂ. അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്ഥിരംസമിതി അധ്യക്ഷർ എന്നിവരെ സംബന്ധിച്ച ധാരണ ഒരുമിച്ചു രൂപപ്പെടുത്തും.
ഘടകകക്ഷികളിൽ മുസ്ലിം ലീഗുമായും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായാണ് പ്രധാനമായും സ്ഥാനങ്ങൾ പങ്കിടേണ്ടത്. 21നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. അതിനുശേഷമായിരിക്കും അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്.
അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച വിജയം നൽകുന്ന ആത്മവിശ്വാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നടപടികളിലേക്ക് കടക്കാനാണ് യുഡിഎഫ് തീരുമാനം. ഫലം വിലയിരുത്താൻ ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങൾ ചേരാനാണ് ആലോചന. ‘മിഷൻ 2025‘ എന്ന പേരിൽ കോൺഗ്രസ് ലക്ഷ്യമിട്ട് നടപ്പാക്കിയ സംഘടനാപരമായ കാര്യങ്ങൾ ഒരുപരിധിവരെ വിജയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി





































