ബെംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്‌പദമാണെന്നും രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ കമ്മീഷൻ വോട്ടുകൊള്ള നടത്തുന്നതായി ആരോപിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയവർ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തു. ഒരുകോടി വോട്ടുകളാണ് മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അധികമായി പോൾ ചെയ്‌തത്.
വോട്ടർ പട്ടിക ആവശ്യപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിക്കുകയാണ് ചെയ്‌തതെന്നും ഒരു വോട്ടർ എങ്ങനെ പല സംസ്‌ഥാനങ്ങളിൽ വോട്ട് ചെയ്‌തുവെന്നും രാഹുൽ ചോദിച്ചു. ഭരണഘടന ഉയർത്തിയായിരുന്നു രാഹുലിന്റെ ചോദ്യം. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു കർണാടക തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ഭരണഘടനയുടെ അടിസ്‌ഥാന മൂല്യം ഒരാൾക്ക് ഒരു വോട്ടെന്നതാണ്. അത് അട്ടിമറിക്കപ്പെട്ടു. വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്നും വോട്ടർ പട്ടികയുടെ പൂർണരൂപം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
Most Read| ഗാസ നഗരത്തെ ഏറ്റെടുക്കും; പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി