തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാരെ മാറ്റാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് എന്നിങ്ങനെ നാല് ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാരെ മാറ്റാനാണ് തീരുമാനമായത്.
കോഴിക്കോട്, തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാരെയെല്ലാം മാറ്റണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശക്‌തമായ ഇടപെടല്‍ വേണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
Read Also: വിദ്വേഷ പരാമർശം; അര്‍ണബിന്റെ റിപ്പബ്ളിക് ഭാരതിന് 19 ലക്ഷം പിഴ ചുമത്തി ബ്രിട്ടൺ
തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയിരുന്നത്. ഇതിന് പിന്നാലെ തോല്‍വിയുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. ആദ്യ ഘട്ടത്തില്‍ 4 ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാരെയാകും മാറ്റുക.