തിരുവനന്തപുരം: കൊലപാതക രാഷ്‌ട്രീയം കോൺഗ്രസ് പ്രോൽസാഹിപ്പിക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ കോൺഗ്രസ് പാർട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തിൽ അന്വേഷണ സമിതി റിപ്പോർട് ലഭിച്ച ശേഷം ആവശ്യമായ നടപടി എടുക്കുമെന്നും കെ സുധാകരൻ അറിയിച്ചു. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു. കൊലക്കത്തി ആദ്യം താഴെ വെക്കേണ്ടത് സിപിഎമ്മാണ്. കൊലപാതകത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കമ്മ്യൂണിസ്‌റ്റുകാർക്ക് അവകാശമില്ല. കമ്മ്യൂണിസ്‌റ്റുകാർ മുഴുവൻ കോളേജുകളിലെയും ഹോസ്‌റ്റലുകൾ ഗുണ്ടാ ഓഫിസുകൾ ആക്കിമാറ്റിയെന്നും സുധാകരൻ ആരോപിച്ചു.
കൊലക്കത്തി രാഷ്‌ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ആണെന്നും സുധാകരൻ വിമർശിച്ചു.
ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വിരോധമെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിലിന്റെയും ജെറിന്റെയും അറസ്‌റ്റ് രേഖപ്പെടുത്തി. നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിൻ ജോജോയ്‌ക്കെതിരെ കേസ്.
Most Read: ഇ-പോസ് മെഷീൻ തകരാർ; സംസ്‌ഥാനത്ത് റേഷൻ കടകൾ അടച്ചിടാൻ തീരുമാനം