തൃശൂർ: പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ, പ്രതികൾ പരസ്‌പരം സഹായിച്ചതായി തൃശൂർ ഈസ്‌റ്റ് പൊലീസ്. കാലങ്ങളായി ജാതിമത ഭേദമെന്യേ ആഘോഷിച്ചുവരുന്ന തൃശൂർ പൂരത്തെ അലങ്കോലപ്പെടുത്തി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും വിശ്വാസങ്ങളും വ്രണപ്പെടുത്താൻ ഗൂഢാലോചന നടന്നതായും എഫ്ഐആറിൽ പറയുന്നു.
2024 ഏപ്രിൽ 20നായിരുന്നു തൃശൂർ പൂരം. പൂരം അലങ്കോലമായത് രാഷ്ട്രീയ വിവാദമായിരുന്നു. ഗൂഢാലോചന, മത വിശ്വാസങ്ങളെ അവഹേളിക്കാൻ ബോധപൂർവമായ ശ്രമം, സർക്കാരിനെതിരെ യുദ്ധത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നീ വകുപ്പുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്‌ഥന്റെ പരാതിയിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. ആരെയും പ്രതിചേർത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത ആദ്യത്തെ കേസാണിത്. പൂരം കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് അൽപ്പം വൈകിയത് മാത്രമാണ് ആകെ പ്രശ്‌നമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന എൽഡിഎഫിൽ വിവാദമുണ്ടാക്കിയിരുന്നു.
പൂരം കലക്കിയതിന് പിന്നിലെ ഗൂഢാലോചനയിൽ ആർഎസ്‌എസിന് പങ്കുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുന്ന സിപിഐ, മുഖ്യമന്ത്രിയെ തള്ളി രംഗത്തുവന്നു. പൂരം കലങ്ങുക മാത്രമല്ല, നടത്തേണ്ടതുപോലെ നടത്താൻ സമ്മതിച്ചില്ലെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
അതേസമയം, പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ശക്‌തമായി പ്രതികരിച്ച് ദേവസ്വം ഭാരവാഹികൾ രംഗത്തെത്തി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളാണ് പ്രതികരിച്ചത്. പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ല, മറിച്ച് ഉദ്യോഗസ്‌ഥർക്ക് പിഴച്ചതാവാം എന്നാണ് തിരുവമ്പാടി ദേവസ്വം പ്രതികരണം. എഫ്‌ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്നാണ് പാറമേക്കാവ് ദേവസ്വവും അറിയിച്ചത്.
NATIONAL | ബംഗ്ളാദേശിൽ വീണ്ടും പ്രക്ഷോഭം






































