കണ്ണൂർ: ചാണോക്കുണ്ട് പുഴ കയ്യേറി നിർമിച്ച കരിങ്കൽഭിത്തി പൊളിച്ചു തുടങ്ങി. അനധികൃതമായി കെട്ടിയ ഭിത്തി പഞ്ചായത്ത് അധികൃതരുടെ ഉത്തരവിനെ തുടർന്നാണ് സ്വകാര്യ വ്യക്‌തി പൊളിക്കാൻ തുടങ്ങിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കരിങ്കൽഭിത്തി പൊളിച്ചുനീക്കുന്നത്.
പുഴയിലെ നീരൊഴുക്കിനു തടസം സൃഷ്‌ടിച്ച് ആഴ്‌ചകൾക്ക് മുൻപാണ് സ്വകാര്യവ്യക്‌തി തന്റെ പറമ്പ് സംരക്ഷിക്കാൻ കരിങ്കൽഭിത്തി നിർമിച്ചത്. അൻപതിലധികം മീറ്റർ നീളത്തിൽ പുഴയിലേക്ക് രണ്ടു മീറ്റർ ഇറക്കിയായിരുന്നു നിർമാണം.
ഇതേത്തുടർന്ന് പുഴയോരത്തെ ഓടകളും മരങ്ങളും മറ്റും കരിങ്കൽഭിത്തിയുടെ ഉൾഭാഗത്തായി. കുറെ ഓടകൾ നശിച്ചു. മഴ കനക്കുമ്പോൾ വർധിക്കുന്ന നീരൊഴുക്കിനു കരിങ്കൽഭിത്തി തടസമാകുകയും പുഴയുടെ ഗതി മാറാൻ ഇടയാകുകയും ചെയ്‌തിരുന്നു.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്‌ണൻ, സെക്രട്ടറി എവി പ്രകാശൻ, കൂവേരി വില്ലേജ് ഓഫിസർ സഫിയുദ്ദീൻ എന്നിവർ സ്‌ഥലം സന്ദർശിക്കുകയും കയ്യേറ്റം കണ്ടെത്തുകയും ചെയ്‌തു. തുടർന്നാണ് കരിങ്കൽഭിത്തി പൊളിച്ചുനീക്കാൻ സ്വകാര്യവ്യക്‌തിയോട് ആവശ്യപ്പെട്ടത്.
Most Read: കോവിഡ് വ്യാപനം; ജില്ലയിലെ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണം






































