കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ളാന്റിന്റെ നിർമാണം പുരോഗമിക്കുന്നു. ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് 1.87 കോടി ചിലവിൽ പണി നടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ അധികൃതരുടെയും കൂട്ടായ്മയിലാണ് പദ്ധതി ഒരുങ്ങുന്നത്.
ഭൂമിയും 50 ലക്ഷം രൂപയും ജില്ലാപഞ്ചായത്താണ് നൽകുന്നത്. ബാക്കി തുക ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തി. നിർമിതികേന്ദ്രമാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. ദിവസം 200 സിലിൻഡർ ഓക്സിജൻ ഇവിടെ നിന്ന് ഉൽപാദിപ്പിക്കും. കെട്ടിടനിർമാണം പൂർത്തിയായാൽ ഗുജറാത്തിൽ നിന്ന് ഓക്സിജൻ പ്ളാന്റ് എത്തും. ജില്ലാ വ്യവസായ കേന്ദ്രം മാനേജറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ.
കൊച്ചിയിലെ കെയർ സിസ്റ്റംസിനാണ് ഓക്സിജൻ പ്ളാന്റിന്റെ നിർമാണ ചുമതല. ഇ-ടെണ്ടർ വഴി ലഭിച്ച അപേക്ഷകളിൽ നിന്നാണ് കെയർ സിസ്റ്റംസിനെ തിരഞ്ഞെടുത്തത്. പദ്ധതിയുടെ 20 ശതമാനം തുക മുൻകൂർ ആയി നൽകി കഴിഞ്ഞു. 50 ശതമാനം തുക പ്ളാന്റ് സ്ഥാപിക്കുമ്പോഴും ബാക്കി 30 ശതമാനം തുക നിർമാണം പൂർത്തിയാകുന്ന സമയത്തും നൽകും.
Read Also: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്ച








































