തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസത്തിലേക്ക്. ദേശീയ ദുരന്ത നിവാരണ സേനയുടെ 30 അംഗ സംഘം സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരച്ചിലിനായി റോബോട്ടിന്റെ സേവനയും ഉപയോഗപ്പെടുത്തുന്നുണ്ട്.
മാലിന്യം നീക്കിയശേഷം മാത്രമേ തിരച്ചിൽ നടത്താൻ കഴിയൂ എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. മാരായമുട്ടം സ്വദേശി ജോയിയെയാണ് (47) ഇന്നലെ രാവിലെ 11 മണിയോടെ കാണാതായത്. റെയിൽവേ സ്‌റ്റേഷനിലെ പ്ളാറ്റ്‌ഫോമിന് അടിയിലുള്ള ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ കാണാതായത്. മാലിന്യം നീക്കാൻ റെയിൽവേയുടെ കരാർ ഏറ്റെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയാണ് ജോയി.
തോട്ടിലും ടണലിലും മാലിന്യം നിറഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പരിശോധന നടത്താൻ കഴിയാത്ത സ്‌ഥിതിയായിരുന്നു. തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിനടിയിൽ കൂടിയാണ് തോട് ഒഴുകിപ്പോകുന്നത്. ടണലിലേക്ക് മാലിന്യം ഒഴുകിപ്പോകുന്നത് തടയാനും മാലിന്യം നീക്കാനുമാണ് ജോയി രാവിലെ തോട്ടിൽ ഇറങ്ങിയത്.
140 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമുള്ളതാണ് ടണൽ. കൂലിപ്പണിയും അതിനുശേഷം ആക്രി പെറുക്കിയും ജീവിച്ചിരുന്നയാളാണ് ജോയി. രണ്ടു ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് ഒപ്പമാണ് ജോയി തോട്ടിലിറങ്ങിയത്. മഴ കനത്തതോടെ മറ്റു രണ്ടുപേർ തോട്ടിൽ നിന്ന് കയറിയെങ്കിലും മാറുകരയിലായിരുന്ന ജോയി ഇക്കരെ വരാൻ ശ്രമിക്കവേയാണ് ഒഴുക്കിൽപ്പെട്ടത്. കരയിൽ നിന്ന അതിഥി തൊഴിലാളികൾ കയർ എറിഞ്ഞു കൊടുത്തെങ്കിലും ജോയ് ഒഴുക്കിൽപ്പെടുകയായിരുന്നു.
മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടിൽ പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണ് ജോയി. രാത്രി റോബോട്ടുകളെ എത്തിച്ചു നടത്തിയ തിരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. റെയിൽവേ സ്‌റ്റേഷനിലെ പ്ളാറ്റ്‌ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്‌കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് റോബോട്ടുകളെ എത്തിച്ചത്.
അതിനിടെ, ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തിൽ റെയിൽവേയെ പഴിചാരി മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തി. പലതവണ ആവശ്യപ്പെട്ടിട്ടും മാലിന്യം നീക്കിയില്ലെന്ന് മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 1500 രൂപ കൂലിക്കായി മാലിന്യക്കടലിലേക്ക് ഇറങ്ങിയ ജോയി മടങ്ങിയെത്താൻ പ്രാർഥനയുമായി മാരായമുട്ടം ഗ്രാമവും മലഞ്ചരിവ് വീട്ടിൽ രോഗിയായ അമ്മ മെൽഹിയും നെഞ്ചുരുകി കാത്തിരിക്കുകയാണ്.
Most Read| നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; നാലാം തവണയും കേരളം ഒന്നാമത്







































