തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ജോയിയെ കാണാതായ സ്‌ഥലം മുതൽ റെയിൽവേ സ്‌റ്റേഷനിലെ 3, 4 ട്രാക്കുകളുടെ അടിഭാഗം വരെ അഴുക്കുചാലിൽ പരിശോധന നടത്തി. അഴുക്കുചാലിന്റെ 40 മീറ്ററോളം ഭാഗത്താണ് തിരച്ചിൽ നടത്തിയത്.
മാൻഹോളിലൂടെ രക്ഷാപ്രവർത്തകർ അഴുക്കുചാലിന് ഉള്ളിലേക്ക് ഇറങ്ങി. ഇനി നാലാമത്തെയും അഞ്ചാമത്തേയും ട്രാക്കുകളുടെ ഭാഗത്തേക്ക് തിരച്ചിൽ നടത്തും. എൻഡിആർഎഫും ഫയർഫോഴ്‌സുമാണ് തിരച്ചിൽ നടത്തുന്നത്. മാലിന്യം നിറഞ്ഞിരിക്കുന്നതിനാൽ രക്ഷാദൗത്യം ദുഷ്‌ക്കരമാണ്. അഴുക്കുചാലിന്റെ മധ്യഭാഗത്ത് മാലിന്യം നിറഞ്ഞു പാറപോലെ കട്ടപിടിച്ചതിനാൽ തിരച്ചിൽ നടത്തുന്നത് പ്രയാസമാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
റെയിൽവേ സ്‌റ്റേഷൻ പ്ളാറ്റ്ഫോമുകൾക്കിടയിലെ തുരങ്കത്തിൽ പരിശോധന നടത്തിയിട്ടും ജോയിയെ കണ്ടെത്താനാകാത്തതിനാൽ രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി തുടരുകയാണ്. ജോയി നഗരഭാഗത്തേക്ക് ഒഴുകിപ്പോയിട്ടുണ്ടാകാം എന്നാണ് സംശയം. തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുന്നുണ്ട്.
പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്‌കൂബ അംഗങ്ങളെ തിരച്ചിലിന് എത്തിക്കും. സ്‌ഥലത്ത് അഗ്‌നിരക്ഷാ സേനയുടെ കൺട്രോൾ റൂം ഉടൻ പ്രവർത്തനം ആരംഭിക്കും. രക്ഷാപ്രവർത്തർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ വിദഗ്‌ധ ചികിൽസ ഉറപ്പാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ആരോഗ്യമന്ത്രി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി







































