തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട എൻ ജോയിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. രക്ഷാപ്രവർത്തനം 33 മണിക്കൂർ പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് എൻഡിആർഎഫും ഫയർഫോഴ്‌സും അടക്കം സംയുക്‌തമായി നടത്തിയ തിരച്ചിൽ നിർത്തിയത്.
രാത്രി ഒമ്പതോടെ നാവികസേനാ സംഘം എത്തുമെന്നാണ് വിവരം. നാവികസേനയുമായി നടത്തുന്ന കൂടിയാലോചനകൾക്ക് ശേഷമാകും തുടർ രക്ഷാപ്രവർത്തനങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാവുക. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഇന്നും പരിശോധന നടത്തിയത്. അഴുക്കുചാലിന്റെ മധ്യഭാഗത്ത് മാലിന്യം നിറഞ്ഞു പാറപോലെ കട്ടപിടിച്ചതിനാൽ തിരച്ചിൽ ദുഷ്‌ക്കരമായിരുന്നു.
ഇന്ന് തിരച്ചിൽ നടത്തിയ സംഘത്തിലെ അംഗങ്ങൾക്ക് ആവശ്യമായ വൈദ്യ പരിശോധന നൽകും. ടീം അംഗങ്ങൾക്ക് ചികിൽസ നൽകാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയർഫോഴ്‌സ് മേധാവിയും അറിയിച്ചു. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ തടയണ കെട്ടി വെള്ളം പമ്പ് ചെയ്‌ത് പരിശോധന നടത്താനായിരുന്നു നീക്കമെങ്കിലും രാത്രിയോടെ ഉപേക്ഷിച്ചു.
തടയണ കെട്ടിയശേഷം രാത്രി കനത്ത മഴ പെയ്‌താൽ നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ വെള്ളം ഉയരുമെന്നതിനാലാണ് നീക്കം ഉപേക്ഷിച്ചത്. പകൽ മാത്രമേ തടയണ കെട്ടുകയുള്ളൂവെന്ന് വികെ പ്രശാന്ത് എംഎൽഎ പറഞ്ഞു. മാലിന്യമൊഴുകുന്ന റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിനോട് ചേർന്നുള്ള ടണലിൽ തടയണ കെട്ടി ബ്ളോക്ക് ചെയ്‌ത് അതിലേക്ക് വെള്ളം ശക്‌തമായി പമ്പ് ചെയ്‌ത് മാലിന്യങ്ങളുടെ ഒഴുക്ക് സുഗമമാക്കി പരിശോധന നടത്താനായിരുന്നു നീക്കം.
മാരായമുട്ടം സ്വദേശി ജോയിയെയാണ് (47) ഇന്നലെ രാവിലെ 11 മണിയോടെ കാണാതായത്. തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പ്ളാറ്റ്‌ഫോമിന് അടിയിലുള്ള ആമയിഴഞ്ചാൻ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ കാണാതായത്. മാലിന്യം നീക്കാൻ റെയിൽവേയുടെ കരാർ ഏറ്റെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയാണ് ജോയി.
Most Read| അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി







































