കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിലെ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം.
വാർഡുകളിൽ ഇനി മുതൽ സന്ദർശകരെ അനുവദിക്കില്ല. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഒപ്പം മെഡിക്കൽ കോളേജ് കാമ്പസിലേക്കെത്തുന്ന വിദ്യാർഥികൾക്കും മറ്റ് പ്രവേശകർക്കും നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലയിലെ കാഞ്ഞിരപ്പള്ളി, പാല എന്നിവടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഫയർ സ്റ്റേഷൻ പൂർണമായും അടച്ചിടാനാണ് തീരുമാനം.
അതേസമയം, പാല പോലീസ് സ്റ്റേഷനിൽ 10 പോലീസുകാർക്ക് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷനിലേക്ക് പൊതുജനങ്ങൾ എത്തുന്നത് തടയാനുള്ള ക്രമീകരണങ്ങൾ ഇതിനോടകം തുടങ്ങി. കോവിഡ് വാക്സിൻ എടുത്ത പോലീസുകാർക്കും രോഗം ബാധിച്ചിട്ടുണ്ട്.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിരുന്നു.
Also Read: വൈഗയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്; പ്രതി തുടർച്ചയായി മൊഴി മാറ്റുന്നുവെന്നും പോലീസ്







































