കോഴിക്കോട്: നിപ ബാധിച്ചു 12 വയസുകാരൻ മരണപ്പെട്ട ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ നിയന്ത്രണം കർശനമായി തുടരും. നിരീക്ഷണവും പരിശോധനയും കർശനമായി തന്നെ തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം ആയത്.
ചാത്തമംഗലം പഞ്ചായത്തിൽ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും. സമാന ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലം പഞ്ചായത്ത് പൂർണമായും പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മറ്റു പഞ്ചായത്ത് വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി തുടരും. അത്യാവശ്യക്കാരെ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ പഞ്ചായത്തിന് പുറത്തു പോകാൻ അനുവദിക്കുകയുള്ളൂ.
അതേസമയം, ജില്ലയിൽ ആറു പേർക്ക് കൂടി നിപ രോഗ ലക്ഷണം പ്രകടമായി. ഇതോടെ രോഗലക്ഷണം പ്രകടമായവരുടെ എണ്ണം എട്ടായി. നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 63പേരെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 251 ആയി വർധിച്ചു. ഇന്ന് പൂനെയിലേക്ക് അയച്ച സമ്പര്‍ക്ക പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: പണിക്കൻകുടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ







































