കൊച്ചി: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ജിഎസ്‌ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി സിനിമ പ്രൊമോഷൻ പരിപാടികളും അഭിമുഖങ്ങളും കവർ ചെയ്യുന്നതിന് അനുമതിയുണ്ടാകു എന്നതാണ് പുതിയ തീരുമാനം.
കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ രജിസ്‌ട്രേഷൻ, വെബ്സൈറ്റ് വിവരങ്ങൾ, ലോഗോ, ട്രേഡ്‌മാർക്ക്, ജിഎസ്‌ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയടക്കമാണ് നൽകേണ്ടത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണം എന്നത് ഉൾപ്പടെയുള്ള മാർഗ നിർദേശങ്ങളൾ വിവിധ സിനിമാ സംഘടനകൾ ഫെഫ്‌കയ്‌ക്ക് നൽകിയിരുന്നു.
ഓൺലൈൻ മാദ്ധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നെന്നും അതിനാൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്നും ചില സംഘടനകൾ ഫെഫ്‌കയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. നേരത്തെ ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയുള്ള റിവ്യൂ ബോംബിങ്ങിന് എതിരെ നിർമാതാക്കളുടെ സംഘടന രൂക്ഷമായി പ്രതികരിച്ചിരുന്നു.
അതേസമയം, വൻകിട മാദ്ധ്യമങ്ങൾക്ക് മാത്രമായി സിനിമ പ്രൊമോഷൻ പരിപാടികളും അഭിമുഖങ്ങളും ഒരുക്കികൊടുക്കാനുള്ള ആസൂത്രിത നീക്കത്തിനാണ് ഇതുവഴി കളമൊരുക്കുന്നതെന്നും ഇതിലൂടെ വർഷത്തിൽ 100 കോടിക്കുമുകളിൽ വിപണിയുള്ള മലയാള സിനിമാ പ്രൊമോഷൻ മേഖലയെ കുത്തക മാദ്ധ്യമങ്ങൾക്ക് മാത്രമാക്കി ചുരുക്കാനുള്ള ഗൂഡ പദ്ധതിയായാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്.
20 ലക്ഷത്തിന് മുകളിൽ ടേണോവർ ആവശ്യമുള്ളവർക്ക് വേണ്ട ജിഎസ്‌ടി, കോർപ്പറേറ്റ് സ്‌ഥാപനങ്ങൾക്ക് ആവശ്യമുള്ള ട്രേഡ്‌മാർക്ക് ഉൾപ്പടെയുള്ള നിബന്ധനകൾ പ്രമോഷൻ രംഗത്ത് സ്വയംസംരംഭങ്ങൾ ആരംഭിച്ചിട്ടുള്ള ചെറുകിട ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിർബന്ധമാക്കുന്നത് എന്ത് അടിസ്‌ഥാനത്തിലാണെന്നത് മനസിലാക്കാൻ കഴിയുന്നില്ലെന്നും ചിലർ സാമൂഹിക മാദ്ധ്യങ്ങളിൽ കുറിക്കുന്നു.
MOST READ | കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി