ഇടുക്കി: ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന്റെ ഭാഗമായാണ് കണ്ട്രോള് റൂമുകള്‍ തുറന്നത്.
കണ്ട്രോള് റൂം നമ്പറുകള്‍: പീരുമേട് താലൂക്ക്: 04869232077, ഇടുക്കി: 04862 235361, ഉടുമ്പന്‍ചോല: 04868 232050.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 3, 4 എന്നീ ഷട്ടറുകളാണ് തുറന്നത്. രാവിലെ ഏഴിന് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക തടസം മൂലം ആദ്യ സ്പില്‍വേ ഷട്ടര്‍ തുറന്നത് 7.29നാണ്. കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 138 അടി കവിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് 138.70 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്.
മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം വള്ളക്കടവിലേക്കാണ് ജലമെത്തുക. ഡാം തുറന്ന് ഒരുമണിക്കൂറോളം പിന്നിട്ടിട്ടും വള്ളക്കടവിലേക്ക് ജലമെത്തിയിട്ടില്ല. ഒഴുക്ക് കുറവായതിനാലാണിത്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്ററോളം ജലനിരപ്പുയരുമെന്നാണ് കരുതുന്നത്.
റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും ഡാമില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന് അറിയിച്ചു. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
Most Read: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടാവും






































