തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് സസ്‌പെൻഷൻ. ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ബെന്നിച്ചൻ തോമസ് നൽകിയത്. ഉത്തരവിന് പിന്നിൽ മറ്റാർക്കെങ്കിലും ഉത്തരവാദിത്തം ഉണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയത്. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിർണായക വിഷയം ഉദ്യോഗസ്‌ഥർ സർക്കാരുമായി ആലോചിച്ചില്ലെന്നും സംസ്‌ഥാന താൽപര്യം പരിഗണിക്കാത്ത ഉത്തരവെന്നും മന്ത്രിസഭ വിലയിരുത്തി. ഉത്തരവ് കേന്ദ്ര വനം, പരിസ്‌ഥിതി നിയമത്തിന് വിരുദ്ധമെന്നും യോഗം നിലപാടെടുത്തു. ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ശനിയാഴ്‌ച കത്തയച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഈ മാസം ഒന്നിനു ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് ചേമ്പറിൽ വിളിച്ച യോഗത്തിലാണ് മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത്. യോഗത്തിലെ നടപടിക്രമങ്ങൾ ഉത്തരവായി ഈ മാസം 5ന് ബെന്നിച്ചൻ തോമസ് പുറത്തിറക്കുകയായിരുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ടികെ ജോസിനും വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്‌ക്കും അന്നുതന്നെ ഇതേക്കുറിച്ചു ബെന്നിച്ചൻ കത്തും നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
അതേസമയം, ഉത്തരവ് സംബന്ധിച്ച് വിരുദ്ധ നിലപാടുകളില്‍ വനം, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ രംഗത്തെത്തി. നവംബര്‍ ഒന്നിന് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗം നടന്നിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്‌റ്റിൻ പറയുന്നത്. എന്നാൽ, ഒന്നാം തീയതിയിലെ യോഗം പരാമര്‍ശിക്കുന്ന ഔദ്യോഗിക രേഖ പുറത്തുവന്നിരുന്നു.
വനംമന്ത്രി നിയമസഭയിലും ഈ യോഗത്തിന്റെ മിനിറ്റ്‌സ് വായിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഫയലുകള്‍ എല്ലാം ജലവിഭവ വകുപ്പിന് കീഴിലാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറയുമ്പോള്‍ മരംമുറിക്ക് അനുവാദം നല്‍കിയത് വനംവകുപ്പാണെന്നാണ് റോഷി അഗസ്‌റ്റിന്‍ പറയുന്നത്. ഈ ആശയക്കുഴപ്പത്തിന് ഒടുവിലാണ് ഉത്തരവ് റദ്ദാക്കിയതും ഉദ്യോഗസ്‌ഥനെതിരെ നടപടി എടുത്തിരിക്കുന്നതും.
Also Read: ശബ്‌ദ പരിശോധന സംസ്‌ഥാന സര്‍ക്കാര്‍ ലാബില്‍; കെ സുരേന്ദ്രന് തിരിച്ചടി