റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കിരീട പ്രതീക്ഷയുമായി എത്തിയ ഉറുഗ്വായെ തകർത്തെറിഞ്ഞ് കൊളംബിയ സെമിയിൽ. ഇന്ന് പുലർച്ചെ 2.30ന് ആരംഭിച്ച മൽസരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ വീഴാഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊളംബിയയുടെ മിന്നുന്ന ജയം. കളിയുടെ സർവമേഖലയിലും മികച്ചുനിന്ന കൊളംബിയ ഒരു ഘട്ടത്തിലും ഉറുഗ്വായ്ക്ക് ഒരവസരം നൽകിയില്ല.
മൽസരത്തിന്റെ ആദ്യപകുതി നിശബ്ദമായിരുന്നു. ഇരുടീമുകളും പരസ്പരം ബഹുമാനിച്ച് കളിച്ച ആദ്യപകുതി കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാവാതെയാണ് കടന്നു പോയത്. എഡിസൺ കവാനിക്ക് ലഭിച്ച മികച്ച അവസരം സൈഡ് നെറ്റിലടിച്ച് പാഴാക്കിയത് മാത്രമാണ് ആകെ ഉണ്ടായ മുന്നേറ്റം.
എന്നാൽ രണ്ടാം പകുതിയിൽ ഇരുടീമുകളും ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. ലൂയീസ് സുവാരസും എഡിസൺ കവാനിയും അടങ്ങിയ ഉറുഗ്വായ് മുന്നേറ്റത്തിന് കൊളംബിയയെ കാര്യമായി പരീക്ഷിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ഉറുഗ്വായുടെ ഗോളവസരങ്ങൾ വന്നെത്തിയെങ്കിലും അവ മുതലാക്കാനായില്ല. പിന്നീട് പതിയെ കൊളംബിയ മൽസരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച മുന്നേറ്റങ്ങൾ നടത്താൻ ടീമിനായി. അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് കിക്കുകൾ വലയിലെത്തിച്ച കൊളംബിയ അവസാന ചിരി സ്വന്തമാക്കിയതോടെ ഇത്തവണയും കാര്യമായ നേട്ടമില്ലാതെ മടങ്ങാനായിരുന്നു ഉറുഗ്വായുടെ വിധി.
Read Also: ഹംഗാമ 2 ട്രെയിലറിന് 2 ദിവസത്തിൽ 1 കോടി കാഴ്ച; ബ്ളോക്ബസ്റ്റർ ഉറപ്പിച്ച് പ്രിയൻ






































