കീവ്: യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമര്‍ സെലന്‍സ്‌കിയെ അട്ടിമറിക്കാന്‍ റഷ്യന്‍ നീക്കമെന്ന് റിപ്പോർട്. സെലന്‍സ്‌കിയെ സ്‌ഥാനത്ത് നിന്ന് നീക്കി പകരം മുന്‍ യുക്രേനിയന്‍ പ്രസിഡണ്ട് വിക്‌ടര്‍ യാനുകോവിച്ചിനെ സ്‌ഥാനത്ത് തിരികെയെത്തിക്കാന്‍ നീക്കമെന്നാണ് പാശ്‌ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ബെലാറൂസ് തലസ്‌ഥാനമായ മിന്‍സ്‌കില്‍ എത്തിയ യാനുകോവിച്ച്, റഷ്യ സെലന്‍സ്‌കിയെ സ്‌ഥാനത്തുനിന്നും നീക്കിയ ഉടനെ പ്രസിഡണ്ടായി ചുമതലയേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ് യുക്രേനിയന്‍ മാദ്ധ്യമമായ ദി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോർട് ചെയ്യുന്നത്.
2014ലാണ് റഷ്യൻ അനുകൂലിയായിരുന്ന യുക്രൈൻ പ്രസിഡണ്ട് വിക്‌ടർ യാൻകോവിച്ച് അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുന്നത്. 2012ൽ തുടങ്ങി വച്ച യുക്രൈനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ധാരണയെ വിക്‌ടർ എതിർത്തതോടെ യുക്രൈനിൽ വിപ്‌ളവമുണ്ടാകുകയും വിക്‌ടർ യാനുകോവിച്ചിന് രാജിവെക്കേണ്ടി വരികയും ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതരായാണ് യുക്രൈന്റെ ഭാഗമായിരുന്ന ക്രീമിയൻ പെനിൻസുല 2014 ഫെബ്രുവരി മാർച്ച് മാസത്തിൽ റഷ്യ പിടിച്ചെടുക്കുന്നത്.
യുക്രൈന്റെ തന്നെ പ്രദേശമായ കിഴക്കൻ ഡോൺബാസിലുള്ള റഷ്യൻ അനുകൂല വിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു റഷ്യയുടെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം കിഴക്കൻ യുക്രൈനിലെ ഈ സംഘർഷത്തിൽ മരിച്ചത് 14,000ലേറെ ആളുകളാണ്.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം








































