ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതികളായ ഒമ്പത് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പടെയുള്ള ജാമ്യാപേക്ഷയാണ് ഡെൽഹി ഹൈക്കോടതി തള്ളിയത്. ജസ്‌റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ കൗർ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും കൂടാതെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്‌മാൻ, അക്‌തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്‌ദുൽ അഹമ്മദ് ഖാലിദ് സെഫി, ഗുൽഷിഫ ഫാത്തിമ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡെൽഹി പോലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്‌റ്റ് ചെയ്‌ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്.
ഡെൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അറസ്‌റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണ് പോലീസ് ആരോപിക്കുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്‌തമായി എതിർത്തു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം.
Most Read| പാർട്ടിവിരുദ്ധ പ്രവർത്തനം; കെ. കവിതയെ ബിആർഎസിൽ നിന്ന് പുറത്താക്കി