റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇനിയും നീളും. കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.
ഇത് എട്ടാം തവണയാണ് കേസ് കോടതി മാറ്റിവെക്കുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്‌ദുൽ റഹീമും കുടുംബവും നിയമ സഹായ സമിതിയും. 2024 ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയിൽ മോചനം നീണ്ടുപോവുകയാണ്. അതേസമയം, സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടർച്ചയായി മാറ്റിവെക്കുന്നതെന്നാണ് അഭിഭാഷകൻ നൽകുന്ന വിശദീകരണം.
മോചന ഹരജിയിൽ ആദ്യ സിറ്റിങ് ഒക്‌ടോബർ 21നാണ് നടന്നത്. പിന്നാലെ ഓരോ തവണയും കേസ് മാറ്റിവെക്കുകയായിരുന്നു. 18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എംപി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസോടെ പണം സമാഹരിച്ചത്.
2006 ഡിസംബർ 26ന് സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ റഹീം ജയിൽ മോചിതനാകൂ.
Most Read| പേവിഷബാധ; ഒമ്പത് വർഷത്തിനിടെ 124 മരണം, കടിയേറ്റവർ 17.39 ലക്ഷം