കൊച്ചി: കളമശേരി സ്ഫോടനം അതീവ ഗൗരവമുള്ളതാണെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി. പ്രതി ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം 29 വരെയാണ് റിമാൻഡ് കാലാവധി. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. അഭിഭാഷകനെ വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാർട്ടിൻ കോടതിയെ അറിയിച്ചു. ഡൊമിനിക്കിന്റെ വാദം കോടതി അംഗീകരിച്ചു. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.
തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇന്ന് രാവിലെ പോലീസ് മാർട്ടിനുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. അത്താണിയിലുള്ള മാർട്ടിന്റെ ഫ്ളാറ്റിലും സ്ഫോടനം നടന്ന സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലുമാണ് തെളിവെടുപ്പ് നടത്തിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നും പ്രതി അതീവ ബുദ്ധിശാലിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. തെളിവെടുപ്പിൽ ഡൊമിനിക് മാർട്ടിൻ ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവ കണ്ടെത്തിയിരുന്നു. പെട്രോൾ എത്തിച്ച കുപ്പിയും അന്വേഷണത്തിന് ലഭിച്ചു. ഡൊമിനിക് താമസിച്ചിരുന്ന കൊച്ചിയിലെ അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് കളമശേരിയിൽ യഹോവയുടെ സാക്ഷികൾ എന്ന സഭാ വിഭാഗത്തിന്റെ കൺവെൻഷൻ വേദിയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്ന് പേരാണ് മരിച്ചത്. പെരുമ്പാവൂർ കുറുപ്പംപടി ഇരിങ്ങോൾ വട്ടോളിപ്പടി ലയോണ പൗലോസ് (55), തൊടുപുഴ കാളിയാർ കുലത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടുവൻകുഴിവീട്ടിൽ പ്രദീപിന്റെ മകൾ ലിബിന (12) എന്നിവരാണ് മരിച്ചത്. 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനം പ്രതി ഒറ്റക്ക് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Most Read| ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ; തുരങ്കങ്ങൾ തിരഞ്ഞുപിടിച്ചു ആക്രമണം