കൊച്ചി: സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. സിനിമ നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് സിനിമ കാണാമെന്ന് ജസ്‌റ്റിസ് നഗരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
പാലാരിവട്ടത്തെ ലാൽ മീഡിയ സ്‌റ്റുഡിയോയിൽ കോടതിക്ക് സിനിമ കാണാൻ സൗകര്യമൊരുക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സെൻസർ ബോർഡ് തീരുമാനം ചോദ്യം ചെയ്‌ത് നൽകിയ ഹരജിക്ക് പുറമെ, റിലീസ് വൈകുന്നത് കൊണ്ടുണ്ടാകുന്ന നഷ്‌ടം ചൂണ്ടിക്കാട്ടി നിർമാതാക്കൾ മറ്റൊരു ഹരജി കൂടി നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ രണ്ടാമത്തെ ഹരജിക്ക് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.
ഇന്നലെ വൈകീട്ട് മാത്രമാണ് ഹരജിയുടെ പകർപ്പ് ലഭിച്ചതെന്നാണ് ഇതിന് കാരണമായി അദ്ദേഹം അറിയിച്ചത്. എന്നാൽ, കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. എന്ത് സാഹചര്യത്തിലാണ് സിനിമയ്‌ക്ക് അനുമതി നിഷേധിക്കുന്നതെന്ന് വ്യക്‌തമായി അറിയിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദ്ദേശിച്ചിരുന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
തുടർന്നാണ് സിനിമ കാണാമെന്ന് കോടതി വ്യക്‌തമാക്കിയത്. മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചത്.
‘ജാനകി’ എന്ന പേര് മാറ്റണമെന്നതാണ് പ്രധാനം. ഇതിനെതിരെയാണ് നിർമാതാക്കളുടെ ഹരജികൾ. ഹരജി ബുധനാഴ്‌ച വീണ്ടും പരിഗണിക്കും. ജാനകി എന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശം ഉന്നയിച്ചാണ് സെൻസർ ബോർഡ് പ്രദർശനം വിലക്കിയതെന്ന് നിർമാതാക്കൾ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!