ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,263 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 2,358 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. അതായത് കോവിഡ് പോസിറ്റീവ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനത്തിന്റെ വർധന ഉണ്ടായിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 40,567 ആളുകൾ കൂടി രോഗമുക്തരാകുകയും, 338 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,31,39,981 ആണ്. കൂടാതെ കോവിഡിനെ തുടർന്ന് രാജ്യത്ത് ഇതുവരെ 4,41,749 ആളുകൾ മരിക്കുകയും ചെയ്തു.
രാജ്യത്ത് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് കേരളത്തിലാണ്. 30,196 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ രോഗബാധ ഉണ്ടായത്. രാജ്യത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. കൂടാതെ കോവിഡ് പോസിറ്റീവായി ചികിൽസയിൽ കഴിഞ്ഞിരുന്ന 181 ആളുകൾ മരിക്കുകയും ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് മഹാരാഷ്ട്രയാണ്. എന്നാൽ 4,174 പേർക്ക് മാത്രമാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്.
Read also: ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; മമതാ ബാനര്‍ജി നാളെ നാമനിര്‍ദേശ പത്രിക നല്‍കും






































