ന്യൂഡെൽഹി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ സാമ്പത്തികമേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്). കഴിഞ്ഞ സെപ്റ്റംബറിൽ കണക്ക് കൂട്ടിയതിനെക്കാൾ വേഗത്തിൽ സാമ്പത്തിക മേഖലയിൽ വളർച്ച പ്രകടമാകുന്നുണ്ട്.
വിപണിയിൽ പ്രകടമാകുന്ന ചലനം ത്വരിതപ്പെടുത്താൻ ഭരണപരമായ ഇടപെടലുകൾ കൂടി നടത്തണമെന്ന് ഐഎംഎഫ് മുഖ്യവക്‌താവ് ജെറി റൈസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണതലത്തിൽ നിന്നുണ്ടാകുന്ന പ്രോൽസാഹന നടപടികൾ മേഖലയിൽ ഫലപ്രദമാണെന്നാണ് വിപണിയിലെ പ്രവണതകൾ കാണിക്കുന്നതെന്നും റൈസ് കൂട്ടിച്ചേർത്തു. വളർച്ച നിലനിർത്താനും വേഗം കൂട്ടാനും സർക്കാരിന്റെയും ധനകാര്യ സ്‌ഥാപനങ്ങളുടെയും ഇടപെടൽ ആവശ്യമാണ്. പ്രഖ്യാപിച്ച നടപടികൾ വേഗത്തിൽ നടപ്പിലാക്കാനും പുതിയ നടപടികൾ ആലോചിക്കാനും സർക്കാർ മുൻഗണന നൽകേണ്ട സമയമാണിത്, ജെറി റൈസ് അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിസന്ധിയെ തരണം ചെയ്‌ത് ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം തിരിച്ചുവരുകയാണെന്ന് ഐഎംഎഫിന്റെ ധനകാര്യ മന്ത്രിതല സമിതിയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാണിച്ചിരുന്നു.
Read also: കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കര്‍ഷകര്‍