ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,021 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 1.02 കോടി ആയി. കോവിഡ് ബാധിച്ച് 279 പേർ മരിച്ചു. 1,47,901 പേരാണ് ആകെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 21,131 പേർ കഴിഞ്ഞ ദിവസം ഇന്ത്യയിൽ കോവിഡ് മുക്‌തി നേടി. ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 97.82 ലക്ഷം ആയി. 2.77 ലക്ഷം പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ചികിൽസയിലുള്ളത്.
അതിനിടെ, രാജ്യമൊട്ടാകെ കോവിഡ് 19 വാക്‌സിൻ വിതരണം ചെയ്യുന്നതിന് മുന്നോടിയായി നാല് സംസ്‌ഥാനങ്ങളിൽ ഇന്ന് ഡ്രൈ റൺ നടത്തും. കോവിഡ് വാക്‌സിൻ പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങളെല്ലാം വാക്‌സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലിനെയാണ് ഡ്രൈ റൺ എന്നുപറയുന്നത്.
ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് ആന്ധ്രാപ്രദേശ്, ആസാം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിലാണ് ഡ്രൈ റൺ നടത്തുക. ഓരോ സംസ്‌ഥാനത്തും രണ്ടുവീതം ജില്ലകളിൽ, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം അല്ലെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണ മേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിച്ചാണ് ഡ്രൈ റൺ നടത്തുന്നത്. ഇന്നും നാളെയുമായിട്ടാണ് ഡ്രൈ റൺ നടത്തുക.
Read also: കോവിഡ് വാക്‌സിനേഷന്‍; രാജ്യത്ത് നാല് സംസ്‌ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍









































