ന്യൂഡെൽഹി: ലോകത്ത് വിവിധ ഇടങ്ങളിലായി കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്‌തമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്ത് നൽകി. ചൈന, ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം മുൻനിർത്തിയാണ് തീരുമാനം.
അതേസമയം, ലോകത്തെ വിവിധ ഇടങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിൽ ഇന്ത്യയിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ഡെൽഹിയിലാണ് യോഗം ചേരുക. പ്രതിരോധ മാർഗങ്ങളുടെ സ്‌ഥിതി, വാക്‌സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ആരോഗ്യ സെക്രട്ടറി അടക്കമുള്ള പ്രധാന ഉദ്യോഗസ്‌ഥർ, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണങ്ങൾ ഇല്ലാതെ കോവിഡ് പരിശോധന കർശനമാക്കുന്നത് അടക്കമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും. പുതിയ വകഭേദങ്ങൾ രാജ്യത്ത് ഉണ്ടോയെന്ന് കണ്ടെത്താനുള്ള നടപടികളോട് സഹകരിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശവും നൽകിയിട്ടുണ്ട്.
അതിനിടെ, ചൈനയിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുകയാണ്. ഇതോടെ ചൈനയിലെ ആശുപത്രികൾ നിറഞ്ഞ അവസ്‌ഥയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്‌മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ എത്തിയവരുടെ നീണ്ട നിരയാണ്.
എന്നാൽ, മരിച്ചവരുടെ കണക്ക് ഇതുവരെ പുറത്തുവിടാൻ ചൈന തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിന് പിന്നാലെയാണ് കോവിഡ് കേസുകളിലെ കുത്തനെയുള്ള വർധന.
Most Read: സ്‌മൃതി ഇറാനിക്ക് എതിരെ സ്‌ത്രീ വിരുദ്ധ പരാമർശം; കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്