ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,76,070 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,874 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തിട്ടുണ്ട്. 3,69,077 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,72,400 ആയി. 2,23,55,440 പേർ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് ബാധിച്ച് 2,87,122 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. നിലവിൽ 31,29,878 പേർ കോവിഡ് ബാധിച്ച് ചികിൽസയിൽ തുടരുന്നുമുണ്ട്.
രാജ്യത്ത് ഇതുവരെ 18,70,09,792 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 20 ലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയത്. ഒറ്റ ദിവസം ഇത്രയധികം പരിശോധനകള്‍ നടത്തുന്നത് ലോക റെക്കോർഡാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
20,55,010 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്. ഇതോടെ കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷം ഇതുവരെ രാജ്യത്ത് നടത്തിയ പരിശോധനകളുടെ എണ്ണം 32 കോടി കടന്നു. അതേസമയം രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.31 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഒന്നാം ഘട്ട വാക്സിന് സ്വീകരിച്ചവരില്‍ കോവിഡ് രോഗം ബാധിച്ചവര്‍ക്ക് രോഗമുക്തി നേടിയ ശേഷം വാക്സിനെടുക്കാമെന്ന നിദ്ദേശവും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്സിന് സ്വീകരിക്കാനാകുക. ഇതോടൊപ്പം മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വാക്സിനേഷന് ശുപാര്‍ശ ചെയ്യുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read also: കോവിഡ് അവലോകനം; പ്രധാനമന്ത്രി ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും








































