ഡെറാഡൂൺ: കുംഭമേളയിലും ചാർധാം തീർഥാടനത്തിലും കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടെന്ന് രൂക്ഷമായി വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. സാമൂഹ്യ അകലം അടക്കം മാർഗരേഖ കടലാസിൽ മാത്രമായെന്ന് പറഞ്ഞ കോടതി ഉത്തരാഖണ്ഡ് സർക്കാർ നിർദ്ദേശങ്ങൾ ഇറക്കുന്നതല്ലാതെ നടപ്പാക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ ലക്ഷകണക്കിന് പേരുടെ ജീവൻ വച്ചാണ് ഉത്തരാഖണ്ഡ് സർക്കാർ കളിക്കുന്നതെന്നും കോടതി വിമർശിച്ചു.
ചാർധാം തീർഥാടനത്തിന്റെ നടത്തിപ്പ് സർക്കാർ അലംഭാവത്തോടെയാണ് കൈകാര്യം ചെയ്‌തതെന്നും ജനങ്ങളോട് മറുപടി പറയാൻ ഉത്തരാഖണ്ഡ് സർക്കാർ ബാധ്യസ്‌ഥരാണെന്നും കോടതി പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയ സർക്കാർ നടപടിയെ കോടതി നിശിതമായി വിമർശിച്ചു. ‘ആദ്യം നമ്മൾ കുംഭമേള നടത്തി തെറ്റ് ചെയ്‌തു. പിന്നീട് ചാർധാം നടത്തി. എന്തിനാണ് നമ്മൾ തുടർച്ചയായി നമ്മളെത്തന്നെ പരിഹസിക്കുന്നത്?,’ കോടതി ചോദിച്ചു.
ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നത് ആരാണെന്നും ഇത് പുരോഹിതർക്കായി മാറ്റി വച്ചിരിക്കുകയാണോ എന്നും കോടതി ചോദിച്ചു. മാത്രവുമല്ല പുരോഹിതർക്കിടയിൽ കോവിഡ് പടർന്നാൽ എന്താണ് ചെയ്യുകയെന്ന ചോദ്യം ഉന്നയിച്ച കോടതി ചാർധാമിലേക്ക് പോയി അവിടത്തെ അവസ്‌ഥ എന്താണെന്നറിയൂ എന്നും പറഞ്ഞു. കോവിഡ് വ്യാപനം തുടരുന്ന കേദാർനാഥ് സന്ദർശിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
Read Also: മുഖ്യമന്ത്രിമാരെ കളിപ്പാവകളാക്കി അപമാനിക്കുന്നു; മോദിയുടെ കോവിഡ് യോഗത്തെ വിമർശിച്ച് മമത