വയനാട് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയുടെ പല മേഖലകളിലും പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ബത്തേരി, മാനന്തവാടി, പെരിക്കല്ലൂര്‍ റൂട്ടുകളില്‍ വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുന്നുണ്ട്. കൂടാതെ അനാവശ്യമായി ടൗണിലെത്തുന്നവരെ പിന്തിരിപ്പിക്കുന്നതിനു പുറമേ മാസ്കും സാമൂഹിക അകലവും ഉറപ്പാക്കുകയും ചെയ്യുന്നു.
പുൽപ്പള്ളിയിലും പ്രദേശത്തുമായി കോവിഡ് സെക്ടറൽ ഉദ്യോഗസ്ഥർക്ക് പുറമേ 3 പട്രോളിംഗ് വാഹനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പോലീസിന്റെ കാവൽ ഏർപ്പെടുത്തി. കൂടാതെ കർണാടക അതിർത്തി പ്രദേശങ്ങളിലും, കബനിക്കരയിലും പോലീസ് പരിശോധന ശക്തമാക്കി. പുഴയോരത്തും കടവുകളിലും ജനക്കൂട്ടം ഒഴിവാക്കണമെന്നും ആളുകള്‍ കൂടിയുള്ള കളികളും മല്‍സരങ്ങളും നിര്‍ത്തി വെക്കണമെന്നും കർശന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ നിർദേശങ്ങൾ പൊതു ജനങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും, ജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും ഇൻസ്പെക്ടർ കെപി ബെന്നി അറിയിച്ചു. കൂടാതെ ആളുകൾ അനാവശ്യമായി ടൗണിൽ എത്തുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും, വ്യാപാര സ്ഥാപനങ്ങളും പൊതു ഓഫീസുകളും സർക്കാർ നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read also : തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ









































