ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 58,89,97,805 ഡോസ് വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. 65,03,493 സെഷനുകളിലൂടെയാണ് ജനങ്ങൾക്ക് വാക്സിൻ നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ദേശീയ രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയർന്നു. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,486 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയത്. ഇതുവരെ 3,17,20,112 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
തുടർച്ചയായ 58ആം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം എന്നതും ആശ്വാസകരമാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/ കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു.
25,467 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 16,47,526 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. 50.93 കോടിയിലേറെ (50,93,91,792) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.90 ശതമാനമാണ്.
നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളത് 3,19,551 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 0.98 ശതമാനം മാത്രമാണിത്.
Most Read: ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ നീക്കം എതിർക്കപ്പെടേണ്ടത്; ബൃന്ദ കാരാട്ട്







































