ന്യൂഡെൽഹി: ആശങ്കയുയർത്തി രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ കോവിഡ് മുക്‌തരായി. ഇതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേർ ഇപ്പോഴും ചികിൽസയിൽ തുടരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലങ്ങളിൽ എത്തുന്നവർക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവർ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപയും അടക്കണം. രാജസ്‌ഥാൻ വെള്ളിയാഴ്‌ച വൈകീട്ട് ആറുമുതൽ തിങ്കളാഴ്‌ച രാവിലെ അഞ്ചുവരെ കർഫ്യൂ ഏർപ്പെടുത്തി.
രാജ്യത്ത് ഇതുവരെ 11,99,37,641 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ കോവാക്‌സിൻ നിർമിക്കാൻ മഹാരാഷ്‌ട്ര സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ഹഫകിൻ ബയോഫാർമ കോർപ്പറേഷന് അനുമതി നൽകി.
Read Also: കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്‌മകമായി നടത്താൻ നിർദ്ദേശം; പ്രധാനമന്ത്രി