ന്യൂഡെൽഹി: പ്രമുഖ പദവികളിലേക്ക് പരീക്ഷണങ്ങൾ വേണ്ടെന്നും പുറത്തുനിന്നുള്ളവരെ കൊണ്ടുവരേണ്ടെന്നുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. എൻഡിഎക്ക് പാർലമെന്റിലുള്ള ഭൂരിപക്ഷം പരിഗണിക്കുമ്പോൾ രാധാകൃഷ്‌ണൻ ഉപരാഷ്‌ട്രപതിയാകുമെന്ന് ഉറപ്പിക്കാം.
അങ്ങനെയാണെങ്കിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമത്തെ ഉപരാഷ്‌ട്രപതിയാകും രാധാകൃഷ്‌ണൻ. ആദ്യ ഉപരാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്‌ണനും ആർ. വെങ്കിട്ടരാമനും തമിഴ്‌നാട്ടിൽ നിന്നായിരുന്നു. മോദി ഭരണകാലത്ത് ഭരണപക്ഷത്ത് നിന്നുള്ള ആദ്യ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ആന്ധ്രയിൽ നിന്നായിരുന്നു. അങ്ങനെ നോക്കുമ്പോൾ, ബിജെപി ഭരണകാലത്ത് ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ഉപരാഷ്‌ട്രപതിയാകും രാധാകൃഷ്‌ണൻ.
രാധാകൃഷ്‌ണൻ ഏകകണ്‌ഠമായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് താൽപ്പര്യപ്പെടുന്നതെന്നും പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്നും ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്രമന്ത്രി ജെപി നദ്ദ വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, പരാജയം ഉറപ്പുള്ളപ്പോഴും സ്‌ഥാനാർഥി വേണമെന്ന നിലപാടിലാണ് ഇന്ത്യാ സഖ്യം. ഇന്ത്യാ മുന്നണി സ്‌ഥാനാർഥി ഉണ്ടാകുമെന്ന് കോൺഗ്രസ് വ്യക്‌തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ ചർച്ച ഇന്ന് നടന്നേക്കും.
16ആം വയസുമുതൽ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് രാധാകൃഷ്‌ണൻ. 1992ൽ തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറിയായി. 2004 മുതൽ 2007 വരെ സംസ്‌ഥാന അധ്യക്ഷനായി. 1998ലും 1999ലും കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭാ അംഗമായ രാധാകൃഷ്‌ണൻ, പിന്നീട് മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടു.
മഹാരാഷ്‌ട്രയിൽ ഗവർണറാകുന്നതിന് മുൻപ് ജാർഖണ്ഡിൽ ഗവർണറായിരുന്നു. തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്. ഗവർണറുടെയും അധികച്ചുമതല വഹിച്ചിട്ടുണ്ട്. 2020 മുതൽ 22 വരെ കേരളത്തിലെ ബിജെപിയുടെ ചുമതല വഹിച്ചിരുന്നു. സെപ്‌തംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഓഗസ്‌റ്റ് 21 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 25. ഫലപ്രഖ്യാപനവും സെപ്‌തംബർ ഒമ്പതിന് നടക്കും.
Most Read| ‘വോട്ടുകൊള്ള’: നനഞ്ഞ പ്രതിരോധവുമായി തിരഞ്ഞെടുപ്പു കമ്മിഷൻ