തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്‌ഥാന പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട് വന്നശേഷം മാറ്റമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും ബിനോയ് വിശ്വം അറിയിച്ചു.
പാർട്ടി സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം വ്യക്‌തമാക്കിയത്. റിപ്പോർട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐയോട് ആവശ്യപ്പെട്ടെന്നും എഡിജിപിയെ മാറ്റാതെ പറ്റില്ലെന്നും ബിനോയ് വിശ്വം അറിയിച്ചു. അജിത് കുമാറിന് പകരം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന് ചുമതല നൽകിയേക്കുമെന്നാണ് സൂചന.
എഡിജിപിയെ മാറ്റണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനുമായും എകെജി സെന്ററിൽ വെച്ച് നടത്തിയ കൂടിക്കാഴ്‌ചയിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്‌ചയിലാണ് എഡിജിപിക്കെതിരായ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.
തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച അടക്കം എഡിജിപിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും അജിത് കുമാറിനെ തള്ളിപ്പറയാനോ പദവിയിൽ നിന്ന് മാറ്റി നിർത്താനോ സർക്കാർ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്ക് കടുത്ത എതിർപ്പുണ്ട്. ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അജിത് കുമാറിനെ സർക്കാർ എന്തിനാണ് സംരക്ഷിക്കുന്നതെന്ന ചോദ്യത്തോട് അന്വേഷണ റിപ്പോർട് വരട്ടെ എന്ന മറുപടി ആവർത്തിക്കുകയാണ് മുഖ്യമന്ത്രി.
അതിനിടെ, തൃശൂർ പൂരം കലക്കലിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മൂന്ന് തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാറിന് ഉണ്ടായ വീഴ്‌ചകൾ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും. പൂരം കലക്കൽ അട്ടിമറിയിലെ ഗൂഢാലോചനയിൽ ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇതിന് പുറമെ മൂന്നാമതായി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്