പത്തനംതിട്ട: അടൂരിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചു എന്നാരോപിച്ച് ആരംഭിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ മുതൽ ആരംഭിച്ച തർക്കത്തില്‍ ഇന്ന് രാവിലെ അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽവെച്ച് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ സിഐടിയു വിട്ട് എഐടിയുസിയില്‍ ചേർന്ന ജോർജ്, ബിജു സാം എന്നിവർക്ക് പരിക്കേറ്റു.
ആഭ്യന്തര തർക്കങ്ങളെ തുടർന്ന് സിഐടിയു വിട്ട തൊഴിലാളികള്‍ എഐടിയുസിയിൽ ചേർന്നതാണ് തർക്കങ്ങള്‍ക്ക് കാരണമെന്നാണ് സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ വാദം. എഐടിയുസിയില്‍ ചേർന്ന തൊഴിലാളികള്‍ കഴിഞ്ഞദിവസം പണിക്കെത്തിയപ്പോൾ സിഐടിയു പ്രവർത്തകർ തടയുകയും ഇത് ചെറിയ രീതിയില്‍ വാക്കുതർക്കത്തിന് കാരണമാവുകയും ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ഇന്ന് എഐടിയുസി, സിപിഐ പ്രവർത്തകർ സംഘടിച്ചെത്തുകയും തർക്കം ഏറ്റുമുട്ടലിലേക്ക് എത്തുകയും ചെയ്‌തു.
എന്നാല്‍ നോക്കുകൂലി വാങ്ങിയതിന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് പുറത്താക്കിയവരാണ് ഈ തൊഴിലാളികളെന്ന് സിഐടിയു ആരോപിച്ചു. സിഐടിയുവില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഇവരെ എഐടിയുസി തൊഴിലാളികളായി സിപിഐ പ്രഖ്യാപിക്കുകയായിരുന്നു. നോക്കുകൂലി വിഷയത്തില്‍ പുറത്താക്കിയ ഇവരുടെ 26എ കാർഡ് റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയിരുന്നു. അതിനാല്‍ തന്നെ നടപടി നേരിട്ട ഇവർക്ക് നിയമപരമായി ജോലി ചെയ്യാന്‍ അവകാശമില്ലെന്നും സിഐടിയു പറഞ്ഞു.
സിഐടിയുവില്‍ ഉണ്ടായിരുന്ന എട്ടു പേരില്‍ അഞ്ചു പേരായിരുന്നു എഐടിയുസിയിൽ ചേർന്നത്. ഇതില്‍ മൂന്നു പേർ തിരിച്ചുവന്നു. എഐടിയുസിയിൽ തുടരുമെന്ന് അറിയിച്ചതിന്റെ പേരിലാണ് തങ്ങള്‍ക്കുനേരെ മർദ്ദനം ഉണ്ടായതെന്ന് ജോർജ്, ബിജു സാം എന്നിവർ പറഞ്ഞു.
Most Read: ഈ കേരള വിരുദ്ധ പ്രവണത അവസാനിപ്പിക്കണം; മാർക്ക് ജിഹാദിൽ ശശി തരൂർ








































