കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിനു ശേഷം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വിലപായാത്രയായി തലശ്ശേരി ഏരിയ കമ്മറ്റി ഓഫിസിലേക്ക് കൊണ്ടുപോവുകയാണ്. ഇവിടെ മൃതദേഹം പൊതുദർശനത്തിനു വെക്കും.
വിലാപയാത്രക്കിടെ ഏകദേശം പതിനാലോളം കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെ മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫിസിലെത്തിക്കും. പൊതുദർശനത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ച് മണിയോടെയാവും സംസ്‌കാര ചടങ്ങുകൾ നടക്കുക.
ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ് ഇൻക്വസ്‌റ്റ് റിപ്പോർട് വ്യക്‌തമാക്കുന്നത്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. വെട്ടിയ സ്‌ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കയ്യിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജേഷിനെ കസ്‌റ്റഡിയിൽ എടുക്കുമെന്ന് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചിട്ടുണ്ട്. ഹരിദാസ് വധക്കേസിൽ ഏഴു പേർ കസ്‌റ്റഡിയിലാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും ആർ ഇളങ്കോ അറിയിച്ചു.
ന്യൂമാഹി പോലീസാണ് പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ കസ്‌റ്റഡിയിലെടുത്തത്. ഏഴുപേരും ബിജെപി- ആർഎസ്എസ് അനുഭാവികളാണ്. അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാൻ ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ യോഗം ചേർന്നിരുന്നു. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ.
Most Read: നീതി വൈകുന്നു, സർക്കാർ മറുപടി പറയണം; പ്രതികരിച്ച് ആഷിഖ് അബു






































