തിരുവനന്തപുരം: പിഎം ശ്രീയിൽ ഉറച്ച നിലപാടുമായി സിപിഐ മുന്നോട്ട്. വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം സിപിഐയിൽ ശക്‌തമാകുന്നു. സിപിഐ മന്ത്രിമാർ പാർട്ടിയെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. മന്ത്രിമാരായ കെ. രാജനും പി പ്രസാദുമാണ് രാജി സന്നദ്ധത അറിയിച്ചത്.
മുന്നണി മര്യാദ ലംഘിച്ച് പിഎം ശ്രീയുമായി മുന്നോട്ട് പോവുകയാണെങ്കിൽ മന്ത്രിമാരെ പിൻവലിക്കണമെന്ന ആവശ്യം ഉയർന്നതായാണ് സൂചന. വിഷയത്തിൽ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. വേണ്ടിവന്നാൽ മന്ത്രിമാരെ പിൻവലിക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് മന്ത്രിമാർ രാജിസന്നദ്ധത അറിയിച്ചത്.
അതേസമയം, ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ കേന്ദ്ര- സംസ്‌ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന നിലപാടിൽ തന്നെയാണ് സിപിഎം. മര്യാദ ലംഘിച്ചതിൽ അതൃപ്‌തി അറിയിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം നൽകിയ കത്തിന് മുന്നണി കൺവീനർ ടിപി രാമകൃഷ്‌ണൻ മറുപടി നൽകിയിട്ടില്ല.
ധാരണാപത്രം ഒപ്പിട്ടതിന്റെ സാഹചര്യം വിശദീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ബിനോയ് വിശ്വത്തെ കണ്ടതിനപ്പുറം ഒരു ചർച്ചയും ഇതുസംബന്ധിച്ച് നടന്നിട്ടില്ല. അതിനാൽ, ഇന്ന് രാവിലെ ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം നിർണായകമാണ്. വഴങ്ങി മുന്നോട്ട് പോകാനുള്ള സാഹചര്യം മുൻപിൽ ഇല്ലെന്ന് നേതാക്കളെല്ലാം ഒരേപോലെ വ്യക്‌തമാക്കിയതിനാൽ സിപിഎം തീരുമാനം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം.
വിദേശയാത്ര കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച രാത്രി തിരിച്ചെത്തിയതോടെ പിഎം ശ്രീ ചർച്ച ചെയ്യാൻ ഇന്ന് സിപിഎം അടിയന്തിര സെക്രട്ടറിയേറ്റും ചേരുന്നുണ്ട്. സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച നടത്തുമെന്നാണ് വിവരം. അതിനിടെ, മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കരാറിൽ നിന്ന് പിന്നോട്ട് പോകുക എന്നത് പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചതായി വിവരമുണ്ട്. കടുത്ത തീരുമാനങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിർപ്പ് ആവർത്തിച്ചുവെന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ സിപിഐയുടെ സ്‌ഥിരീകരണം വന്നിട്ടില്ല.
Most Read| യുഎസ്-ചൈന വ്യാപാര കരാറിന് രൂപരേഖയായി; തീരുവ ഒഴിവാകും







































