തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരിൽ ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം മാത്രം തുടർനടപടി സ്വീകരിച്ചാൽ മതിയെന്നാണ് തീരുമാനം.
മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉൾപ്പടെ കാര്യങ്ങൾ നിയമപരമായി പോകട്ടെ എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം, കൂറുമാറ്റത്തിന് കോഴ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയത് സംഘടനാ നടപടിയുടെ ഭാഗമാണ്.
ഇനിയുള്ള കാര്യങ്ങൾ നിയമപരമായ നടപടികൾക്ക് ശേഷം പരിഗണിക്കാമെന്ന തരത്തിലാണ് ചർച്ച നടന്നത്. ചൊവ്വാഴ്‌ചയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി തീരുമാനത്തിന് അനുസരിച്ചു തുടർനടപടികൾ ആലോചിക്കും. ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചാണ് ഇന്ന് സെക്രട്ടറിയേറ്റ് ഗൗരവമായി ചർച്ച ചെയ്‌തത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും