പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎൻ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു. മൂന്ന് ടോ പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് പകരമാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ആകെ 44 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിൽ ഉള്ളത്. ഇതിൽ നാലുപേർ വനിതകളാണ്. പാലക്കാട് ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ ഒഴിവാക്കിയ ബിനുമോളെ സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
ഏരിയാ കമ്മിറ്റിയിൽ നിന്ന് മാറ്റിയ കെ ശാന്തകുമാരിയെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിലവിലെ ജില്ലാ കമ്മിറ്റിയിൽ നിന്ന് 14 പേരെ ഒഴിവാക്കി. പാലക്കാട്ടെ പാർട്ടിയിലെ വിഭാഗീയതിൽ കടുത്ത മുന്നറിയിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. താഴെത്തട്ടിലെ സമ്മേളനങ്ങളിൽ നിന്ന് തുടങ്ങിയ വിഭാഗീയത ജില്ലാ സമ്മേളനത്തിന്റെ പൊതുചർച്ചയിലേക്കും വ്യാപിച്ചതോടെയാണ് മുഖ്യമന്ത്രി കടുത്ത മുന്നറിയിപ്പ് നൽകിയത്.
പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിക്കുന്നുണ്ട്. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നുണ്ട്. സംസ്ഥാന തലത്തിൽ വിഭാഗീയത പൂർണമായി ഒഴിവാക്കാനായി. വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിക്ക് പോകുമെന്നും സംഘടനാ റിപ്പോർട്ടിലുള്ള മറുപടിയിൽ പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. നേരത്തെ റിപ്പോർട്ടുകളിലുള്ള ചർച്ചകളിലും പ്രതിനിധികളുടെ ചേരിപ്പോര് പ്രകടമായിരുന്നു.
Most Read: തെറ്റുകാരെ സംരക്ഷിക്കില്ല; കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കോടിയേരി







































